Thursday, January 23, 2014

ഉപമ..

അർത്ഥാലങ്കാരങ്ങളിൽ പ്രഥമവും ലളിതവുമായത് ഉപമ..

ലക്ഷണം : “ഒന്നിനോടൊന്ന് സാദൃശ്യം ചൊന്നാൽ ഉപമയാമത്..”

ലീലാതിലകകാരൻ ഉപമയെ സാദൃശ്യങ്ങൾ കൊണ്ട് വ്യാഖ്യാനിക്കുമ്പോൾ വൈയാകരണന്മാർ സാധർമ്യം(ഒരേ ധർമ്മം) കൊണ്ടാണ് വ്യാഖ്യാനം നൽകുന്നത്..

എന്തു തന്നെയായാലും ഒരേ പോലെ രണ്ട് വസ്തുക്കളിൽ ധർമ്മം കൊണ്ടോ സാദൃശ്യം കൊണ്ടോ സാമ്യത കല്പിക്കുന്നതിനെ ഉപമയെന്നു പറയാം

ഘടകങ്ങൾ: ഉപമയിൽ ഉപമാനവും ഉപമേയവും ഉണ്ടായിരിക്കണം..ഏതിനാണോ സാദൃശ്യം കല്പിക്കുന്നത് അത് ഉപമേയവും ഏതിനോടാണോ സാദൃശ്യം കല്പിക്കുന്നത് അത് ഉപമാനവും ആയിരിക്കും.. ഉപമാനത്തിനും ഉപമേയത്തിനും സാമ്യമായ ഒരു വസ്തുത ഉണ്ടായിരിക്കണം..

ഉദാഹരണം:

1. ഇടിവെട്ടീടും വണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
    നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
    മൈഥിലി മയില്‍പ്പേട പോലെ സന്തോഷം പൂണ്ടാള്‍
    കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും.

2. ചിറകറ്റ മിന്നാമിനുങ്ങു പോലെ യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞ്

3. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം..

ഉപമയിൽ “പോലെ” എന്ന പദം സാധാരണയായി ഉൾക്കൊള്ളിക്കാറുണ്ട്..

ഉപമാനങ്ങളേയും ഉപമേയങ്ങളേയും ഉൾക്കൊള്ളിക്കുന്ന വാക്കുകളേയും അനുസരിച്ച് ഉപമയ്ക്ക് ചില വിഭാഗങ്ങൾ ഭാഷയിൽ പറഞ്ഞു കാണുന്നു..

രണ്ടു വാക്കുകളാണ് ഉപമാനവും ഉപമേയവുമെങ്കിൽ അതിനെ പദാർത്ഥ്ഗതമെന്നും രണ്ടു വാചകങ്ങളാണെങ്കിലതിനെ വാക്യാർത്ഥഗതമെന്നും തിരിക്കുന്നു..

രസനോപമ

മാലകൾ പോലെ ഉപമകൾ വരുമ്പോൾ ഉപമാനം ആവർത്തിച്ചാവർത്തിച്ച് ഉപമേയമായി തീരുന്ന അവസ്ഥയ്ക്കാണ് രസനോപമ എന്നു പറയുന്നത്..

ഉദാഹരണം: മൊഴിയധരം പോൽ മധുരം
                       മൊഴിപോലത്യച്ഛവർണ്ണമാം മേനി
                       മിഴി മേനിപോലതിരതി
                       മിഴിപോലത്യന്ത ദുസ്സഹം വിരഹം..

ലുപ്തോപമ

ധർമ്മോപമാനോപമേയ-
വാചകങ്ങളിലൊന്നിനോ,
രണ്ടിനോ മൂന്നിനോ ലോപം
വന്നാലുപമലുപ്തയാം..

ഘടകങ്ങളിലേതെങ്കിലുമൊന്ന് ലോപിക്കുന്നതിനെ ലുപ്തോപമ എന്നു പറയും..

ഉദാഹരണം : ഉർവ്വശീലളിതയാമിവൾക്ക്..

“ഇവൾ” ഉപമേയം, “ഉർവ്വശി” ഉപമാനം, ലളിതത്വം ധർമ്മം, വാചകത്തെക്കുറിക്കുന്ന ശബ്ദമില്ല അത് സമാസത്താലാണുണ്ടാകുന്നത്..

ഏത് ഘടകമാണു ലോപിച്ചത് എന്നതിനനുസരിച്ച് ലുപ്തോപമയെ വാചകലുപ്ത, ഉപമാനലുപ്ത, ധർമ്മലുപ്ത, ധർമ്മോപമാനലുപ്ത, ധർമ്മവാചകലുപ്ത, ധർമ്മോപമാനവാചകലുപ്ത എന്നിങ്ങനെ ആറായി തരം തിരിക്കാം..

പൂർണ്ണോപമ

ഉപമാനോപമേയോപമാവാചകസാധാരണധർമ്മങ്ങൾ നാലും തികഞ്ഞതിനെ പൂർണ്ണോപമ എന്നു പറയുന്നു..

മാലോപമ

ഒരു ഉപമേയത്തെത്തന്നെ പല ഉപമാനങ്ങളോട് സാമ്യപ്പെടുത്തുന്നത് മാലോപമ

ഉദാഹരണം: കാർകൊണ്ടു മിണ്ടാതൊരു കൊണ്ടൽ പോലെ
                       കല്ലോലമില്ലാതെഴുമാഴിപോലെ
                       കാറ്റിൽ‌പ്പെടാദ്ദീപവുമെന്നപോലെ
                       നിഷ്പന്ദമായ് പ്രാണനടുക്കിവച്ചും...

ഇതിനു പുറമേ ഇവ, യഥാ എന്നിങ്ങനെയുള്ള വാക്കുകളുൾക്കൊണ്ടിട്ടുണ്ടെങ്കിൽ അതിനെ ശ്രൌതി എന്നും തുല്യം, സമാനം എന്നിങ്ങനെയുള്ള വാക്കുകളാണുൾക്കൊള്ളിച്ചിട്ടുള്ളതെങ്കിൽ ആർത്ഥി എന്നും തരം തിരിക്കുന്നുണ്ട്..

അവലംബം : ഭാഷാഭൂഷണം